Friday, April 17, 2020

വേനൽ മഴ

വേനൽ മഴ 

പുളിമരം കാത്തുനിൽക്കുകയായിരുന്നു
ഉമ്മയിൽ, പക്ഷേ തീ പാറി
കരുവാളിച്ചു പോയി പാവം
പുളിച്ച തെറിയാണ് തികട്ടിയത്

ഉരുണ്ടിരുണ്ട്
മുട്ടിയുരുമ്മി
ഒരുങ്ങി വന്നപ്പോഴേക്കും
ദാ കഴിഞ്ഞു, കഷ്ടം 

Monday, April 13, 2020

ലോക്ക് ഡൗൺ അഥവാ ഒരൊറ്റ ഇന്ത്യ

വാട്സാപ്പിൽ പുളച്ചുമറിയുന്ന
നെയ്യപ്പങ്ങൾ,
ടാറിൽ പൊരിച്ചെടുത്ത
കാല്പാദങ്ങൾ.
ബക്കറ്റ് ചിക്കൻ,
നീറി വെന്തു പോയ നെഞ്ഞകം.
ഭക്ഷണക്കിറ്റുകൾ,
മനസ്സിൽ വിത്തിട്ട, മുഖത്തു
വിളഞ്ഞ ദൈന്യം.
നിങ്ങളുടെ തിളക്കം മങ്ങിയ തറകൾ, പാത്രങ്ങൾ-
കരുവാളിച്ച ഞങ്ങളുടെ കുടലുകൾ.
ടെലിവിഷനിലെ മഹാഭാരതം,
ഞങ്ങളുടെ മഹാപ്രസ്ഥാനം!
വസുധൈവ കുടുംബകം.