Friday, February 15, 2019

മരങ്ങൾ ചെടികൾ

പ്രൂൺ ചെയ്ത ചെടികളും മരങ്ങളും
സ്ട്രൈറ്റൻ ചെയ്തു വെട്ടി നിർത്തിയ മുടി പോലെയാണ്
കണ്ടാൽ എനിക്ക് തലവേദന വരും
മരങ്ങളും ചെടികളും
പൂത്തു തളിർത്തു ശാഖകൾ വിടർത്തി
വള്ളികൾ പിണച്ച് പന്തലിച്ചു
നിൽക്കണം
വേരുകൾ പടർത്തി
വെള്ളം കുടിച്ചു
വെണ്ണതോൽക്കുമുടലുകളാവണം
ചുവന്നു തുടുത്തു പൂത്തുലഞ്ഞു
നിൽക്കുന്ന ബോഗൻവില്ല മരങ്ങളെപ്പോലും നോക്കൂ
ചുവപ്പു മൂക്കുത്തിയിട്ട്
ചുണ്ടുചുവപ്പിച്ചു കൊതിപ്പിക്കുന്നവളാണവൾ
വെട്ടിനിർത്തിയ വെറും കടലാസു പൂവല്ലവൾ

Monday, February 4, 2019

ഒരു രാത്രിയാത്ര


ഒരു രാത്രിയാത്ര
കെ വിനോദ് കുമാർ

വാക്കുകൾ പെയ്തു കൊണ്ടിരിക്കവേ,
എസി യുടെ കുളിർ നിറഞ്ഞു
മൗനം ഇഴഞ്ഞിഴഞ്ഞിടയിൽ കയറി.
ചുരം കയറുമ്പോൾ
കൈകൾ തൊട്ടിരുന്നൂ അവർ.
രാവിലെ ബസ് സ്റ്റാൻഡിൽ,
രണ്ട് അജ്ഞാതർ തന്നെയായി, വീണ്ടും.
അവൾ ഫ്ലാറ്റിൽ
വേണ്ടായിരുന്നു വേണ്ടായിരുന്നു എന്ന്
കൂട്ടുകാരിയോട്  ഓക്കാനിച്ചു കൊണ്ടേയിരുന്നു .
അവൻ, ഉറങ്ങുന്ന കൂട്ടുകാരനെ
ഇക്കിളിയാക്കി ഉണർത്തി പൊടിപ്പും തൊങ്ങലും വെച്ചു.
അനന്തരം,
നാശകോശമാക്കിയല്ലോടാ എന്ന് രണ്ടാളും
പൊട്ടിച്ചിരിച്ചു കൈകഴുകി.